ജൂലൈ മാസം ആദ്യ വാരം, കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള പ്ലയെർ അനൗൺസ്മെന്റ്സുമായി എത്തി. ആദ്യം പ്രഖ്യാപിച്ചത് കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ഗോവൻ ലെഫ്റ്റ് ബാക്ക് താരം ജെസ്സൽ കർനെയ്റോയുടെ കരാർ പുതുക്കൽ ആയിരുന്നു. 2023 വരെയാണ് ജെസ്സലിന്റെ പുതിയ കരാർ. ബ്ലാസ്റ്റേഴ്സ് നിരയിലെ ഏറ്റവും മികച്ച ഇന്ത്യൻ താരമായിരുന്നു കഴിഞ്ഞ സീസണിൽ ജെസ്സൽ. ടീമിനുവേണ്ടി എല്ലാ മത്സരങ്ങൾ കളിക്കുകയും 5 അസിസ്റ്റുകൾ നേടുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം ലൈവിൽ കമന്റേറ്റർ ആനന്ദ് ത്യാഗിയുമായി നടത്തിയ സംഭാഷണത്തിൽ പല കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി.
താൻ എങ്ങനെയാണ് ഫുട്ബോളിലേക്ക് വന്നത് എന്നും തന്റെ കുട്ടിക്കാലത്തെ നിമിഷങ്ങളും അദ്ദേഹം പങ്കുവെച്ചു, “അച്ഛൻ ഫുട്ബോൾ കളിക്കാറുണ്ടായിരുന്നു. അദ്ദേഹം ഒരു സ്റ്റോപ്പർ ബാക്ക് ആയിരുന്നു, തന്നിൽ നിന്നാണ് എനിക്ക് ഫുട്ബോൾ കളിക്കാനുള്ള കഴിവ് ലഭിച്ചത് എന്ന് ഞാൻ വിചാരിക്കുന്നു. ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ കളിക്കാൻ തുടങ്ങി. പക്ഷേ എന്റെ ആദ്യകാലങ്ങളിൽ ഞാൻ യഥാർത്ഥത്തിൽ ഒരു സ്ട്രൈക്കറായിരുന്നു – വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഇത് അറിയൂ. പന്ത് കൈവശം വെച്ച് നല്ല രീതിയിൽ ഓടിക്കളിക്കുന്ന കണ്ടിട്ട് അച്ഛനാണ് എന്നോട് ലെഫ്റ്റ് വിങ്ങിൽ കളിക്കാൻ ഉപദേശിച്ചത്. കോച്ച് അർമാണ്ടോ കൊളാക്കോയുടെ (Armando Colaco) കീഴിൽ ഡെംപോയിൽ ഒരു ലെഫ്റ്റ് ബാക്ക് ആയിട്ടാണ് എന്നെ ആദ്യമായി കളിപ്പിച്ചത്, ആ സ്ഥാനത്തു കളിക്കാൻ എന്റെ കഴിവുകൾ അനുയോജ്യമാണെന്ന് അദ്ദേഹം പറഞ്ഞു”.
എന്റെ ആദ്യകാലങ്ങളിൽ ഞാൻ യഥാർത്ഥത്തിൽ ഒരു സ്ട്രൈക്കറായിരുന്നു – വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഇത് അറിയൂ.
ജെസ്സൽ കർനെയ്റോ
ഡെംപോ എഫ്സിയിൽ ചേരാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തം ആയിത്തീർന്നു എന്ന് ജെസ്സൽ കൂട്ടിച്ചേർത്തു. “ഡെംപോയിലെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനുശേഷം ഫുട്ബോൾ ആണ് എന്റെ കരിയർ എന്ന് ഞാൻ തീരുമാനിച്ചു. ആ ഘട്ടത്തിൽ ക്ലബും എന്റെ മാതാപിതാക്കളും എന്നെ വളരെയധികം പിന്തുണച്ചു, ”അദ്ദേഹം ഓർത്തെടുത്തു.
30 വയസ്സുകാരനായ ജെസ്സൽ രാജ്യം മൊത്തം അറിഞ്ഞു തുടങ്ങിയത് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയതിനു ശേഷമാണ്. വൈകി വിടർന്ന പുഷ്പമാണ് ജെസ്സൽ എന്ന് നിസംശയം പറയാം. തന്റെ കരിയറിൽ ഏറ്റവും വലിയ തിരിച്ചടിയായത് രണ്ട് പ്രാവിശ്യം കാൽമുട്ടിന് ഏട്ടാ പരിക്കുകളാണ്. അത് കാരണം തന്റെ കരിയറിൽ രണ്ട് വർഷങ്ങൾ നഷ്ടമായി.
ബ്ലാസ്റ്റേഴ്സിൽ എത്തിയത് എന്റെ കരിയറിൽ ഒരു വഴിത്തിരിവായി മാറി
ജെസ്സൽ കർനെയ്റോ
“കഴിഞ്ഞ സീസണിന് മുമ്പ്, ഐഎസ്എല്ലിലെ ഏതെങ്കിലും ക്ലബിലേക്ക് ചേക്കേറാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു, ആരെയും ആകർഷിക്കത്തക്ക
പ്രകടനം നടത്തിയിട്ടില്ലാത്തതിനാൽ ശ്രദ്ധ നേടുന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ബ്ലാസ്റ്റേഴ്സ് വിളിച്ചപ്പോൾ ഞാൻ പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചു. എന്റെ വിജയത്തിൽ ക്ലബ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, അതുകൊണ്ടു തന്നെ ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കുന്നതിന് എനിക്ക് മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല.” ക്ലബ്ബിന്റെ അസിസ്റ്റന്റ് കോച്ചായ ഇഷ്ഫാക്ക് അഹമ്മദ് കഴിഞ്ഞ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ബ്ലാസ്റ്റേഴ്സിന്റെ പ്രതിശീലകൻ കിബു വികുനയെക്കുറിച്ചു ചോദിച്ചപ്പോൾ ജെസ്സൽ കാർനെറോ മറുപടി പറഞ്ഞു, “കോച്ച് കിബു ചേർന്നതിനുശേഷം ഞാൻ അദ്ദേഹവുമായി ചാറ്റുചെയ്തു. ആക്രമണ ശൈലിയിലുള്ള ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്ന ഒരു നല്ല പരിശീലകനാണ് അദ്ദേഹം. ഞാൻ ഇപ്പോൾ ഗോവയിലെ എന്റെ വീട്ടിലായതിനാൽ, കിബുവിന്റെ രീതികളെക്കുറിച്ച് ഒരു ധാരണ ലഭിക്കുന്നതിന് ഞാൻ കഴിഞ്ഞ സീസണിലെ മോഹൻ ബഗന്റെ ഗെയിമുകൾ കാണുന്നു. അദ്ദേഹം എന്റെ പരിശീലകനായതിനാൽ, പിച്ചിൽ അദ്ദേഹത്തിന്റെ എല്ലാ ആഗ്രഹങ്ങളും നടപ്പിലാക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരിക്കും. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് കഴിയുന്ന അത്ര വേഗത്തിൽ ടീമിൽ ചേരാൻ ഞാൻ ആഗ്രഹിക്കുന്നു.”
ഞാൻ എന്റെ ഏജന്റിനോട് പറഞ്ഞു, വേറെ ക്ലബ്ബുകളിൽ നിന്നുള്ള ഓഫറുകൾ ഒന്നും പറയണ്ട, ബ്ലാസ്റ്റേഴ്സിൽ നിന്നുള്ള ഓഫറിനെ കുറിച്ച് പറഞ്ഞാൽ മതി. ഞാൻ എന്തായാലും സൈൻ ചെയ്യും.
ജെസ്സൽ കർനെയ്റോ
ആരാധകരുടെ എല്ലാ പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് ജെസ്സൽ സംഭാഷണം അവസാനിപ്പിച്ചു, മറ്റ് ഐഎസ്എൽ ക്ലബ്ബുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെ മികച്ച ടീമാക്കി മാറ്റുന്നത് മഞ്ഞപ്പടയാണെന്നും കൂട്ടിച്ചേർത്തു.