സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ കൃത്യമായ ഇടപെടൽ. എഫ്‌സി ഗോവയുടെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനും കഴിഞ്ഞ വർഷത്തെ ഐഎസ്എല്ലിലെ ഗോൾഡൻ ബോൾ ജേതാവുമായ ഹ്യുഗോ ബൗമസിനെ മുംബൈ സിറ്റി എഫ്‌സി അവരുടെ തട്ടകത്തിൽ എത്തിക്കാൻ പോകുന്നു. ബൗമസിന്റെ റിലീസ് തുകയായ 1.6 കോടി രൂപ കൊടുത്തിട്ടാണ് മുംബൈ ഈ നീക്കം പൂർത്തിയാക്കുന്നത്.
കഴിഞ്ഞ സീസണിൽ എഫ്‌സി ഗോവയെ ടേബിൾ ടോപ്പിലെത്തിക്കാൻ ഹ്യുഗോ ബൗമസിന്റെ പങ്കു വളരെ നിർണായകം ആയിരുന്നു. മാത്രമല്ല, എഎഫ്‌സി ചാമ്പ്യൻസ് ലീഗ് കളിയ്ക്കാൻ പോകുന്ന എഫ്‌സി ഗോവയ്ക്ക് ബൗമസിന്റെ കൂടുമാറ്റം വളരെ വലിയ പ്രഹരം ആണ് ഏറ്റിരിക്കുന്നതു.
ഹ്യൂഗോ ബൗമസ് തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ പറഞ്ഞു, ”പ്രിയപ്പെട്ട ഗോവ, എഫ്‌സി ഗോവയുമായുള്ള എന്റെ യാത്ര അവസാനിച്ചുവെന്ന് പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് ഒരു കടുത്ത തീരുമാനമാണ്. ഗോവയുടെ നിറത്തെയും സംസ്ഥാനത്തെയും പ്രതിനിധീകരിച്ചതിൽ എനിക്ക് നന്ദിയുണ്ട്. നിങ്ങളോടൊപ്പം ചെലവഴിച്ച 2 വർഷത്തിനിടെ ആരാധകരിൽ നിന്ന് എനിക്ക് ലഭിച്ച എല്ലാ സ്നേഹത്തിനും നന്ദി.”
ഈ പോസ്റ്റ് എല്ലാ ആരാധകരെയും വളരെ അധികം അത്ഭുതപ്പെടുത്തി. കഴിഞ്ഞ മാസം താൻ കൊടുത്ത ഒരു അഭിമുഖത്തിൽ താൻ എഫ്‌സി ഗോവയിലേക്ക് മടങ്ങി വരാൻ സാധ്യതയില്ല എന്നൊരു സൂചന നൽകിയിരുന്നു.
എന്നാൽ ബൗമസിന്റെ വിട പറച്ചിലിനോട് എഫ്‌സി ഗോവ പ്രതികരിച്ചത് ഇങ്ങനെയാണ്- “ഹ്യൂഗോ ബൗമസ് എഫ്‌സി ഗോവയുമായി ഇപ്പോഴും കരാറുള്ള കളിക്കാരനായി തുടരുന്നുവെന്ന് ക്ലബ്ബ് പറയാൻ ആഗ്രഹിക്കുന്നു. മറ്റേതൊരു ക്ലബ്ബുമായി ഇതുമായി ബന്ധപ്പെട്ട് ഒരു കരാറിലും എത്തിയിട്ടില്ല.”
എഫ്‌സി ഗോവയും ആയി 2022 വരെ കരാർ ഉള്ള കളിക്കാരൻ തന്നെയാണ് ബൗമസ്. എന്നാൽ ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം അനുസരിച്ചു, മുംബൈ സിറ്റി ബൗമസിന്റെ റിലീസ് തുകയായ 1.6 കോടി കൊടുക്കാൻ തയാറാണെന്നുള്ള കാര്യം ഇമെയിൽ ആയി അറിയിച്ചിട്ടുണ്ട്. ഈ ട്രാൻസ്ഫർ നടന്നു കഴിഞ്ഞാൽ ഇത് റെക്കോർഡ് ട്രാൻസ്ഫർ ആയി മാറും. ഒരു ക്ലബ് താരത്തിന്റെ റിലീസ് തുക (release clause) കൊടുത്തു കഴിഞ്ഞാൽ വിൽക്കുന്ന ക്ലബ് ആ താരത്തിനെ കൊടുത്തേ മതിയാവുക ഉള്ളു.
ഇതാദ്യമായി അല്ല ഒരു എഫ്‌സി ഗോവ കളിക്കാരനെ മുംബൈ ടീമിലെത്തിക്കുന്നതു. ആഹ്മെദ് ജാഹു, മൗർത്തട ഫാൾ, മന്ദർ റാവു എന്നിവരെ ഇതിനോടകം അവർ ടീമിലെത്തിച്ചു കഴിഞ്ഞു. ഇതിനെല്ലാം കാരണം ആയതു പരിശീലകൻ സെർജിയോ ലോബറയുടെ മുംബൈയിലേക്ക് ഉള്ള കൂടുമാറ്റം ആണെന്നുള്ളത് വ്യക്തമാണ്.
മുംബൈ അതിശക്തമായ ടീമിനെ അണിനിരത്താൻ പോകുകയാണ്. സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ വരവ് കുറച്ചൊന്നും അല്ല അവരെ സ്വാധീനിച്ചിരിക്കുന്നതു. മറുഭാഗത്തു, എഫ്‌സി ഗോവ കഴിഞ്ഞ വർഷത്തെ അവരുടെ മികച്ച കളിക്കാരെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.