ഇന്ത്യൻ സൂപ്പർ ലീഗ് ടീം ജംഷദ്‌പൂർ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ ടി പി രഹനേഷിനെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നതായി goal.com റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് ചേർന്നതിന് ശേഷം ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു സീസൺ മാത്രമാണ് അദ്ദേഹം കളിച്ചത്.
2012-13 സീസണിൽ ഐ-ലീഗിൽ ഒഎൻജിസിയുമായി ഫുട്ബോൾ കരിയർ ആരംഭിച്ച മലയാളി ഗോൾകീപ്പർ തുടർന്നുള്ള സീസണിൽ രംഗദാജിദ് യുണൈറ്റഡിലേക്ക് മാറി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിക്കുന്നതിനിടെ ഐഎസ്‌എല്ലിന്റെ കന്നി സീസണിൽ അദ്ദേഹം ശ്രദ്ധേയനായി, അതിൽ 18 മത്സരങ്ങളിൽ 12 ഉം കളിക്കുകയും അഞ്ച് ക്ലീൻഷീറ്റുകൾ നേടുകയും ചെയ്തു.
കഴിഞ്ഞ സീസണിൽ രഹനേഷ് 13 ഐഎസ്‌എൽ മത്സരങ്ങൾ കളിച്ചിരുന്നു, അതിൽ ബ്ലാസ്റ്റേഴ്സ് 25 ഗോളുകൾ വഴങ്ങി. രണ്ട് ക്ലീൻ ഷീറ്റുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു, ആകെ 23 സേവുകൾ.
ഗോൾകീപ്പിംഗ് ഡിപ്പാർട്ട്‌മെന്റിനെ ശക്തിപ്പെടുത്തുന്നതിനായി ഒഡീഷ എഫ്‌സിയിൽ നിന്നുള്ള ആൽബിനോ ഗോമസിന്റെയും ബെംഗളൂരു എഫ്‌സിയിൽ നിന്നുള്ള പ്രഭ്സുഖാൻ ഗില്ലിന്റെയും സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനകം നടത്തിക്കഴിഞ്ഞു. ജംഷദ്‌പൂർ എഫ്‌സിയിൽ ആണെങ്കിൽ പരിചയസമ്പന്നനായ കസ്റ്റോഡിയൻ സുബ്രത പോൾ മൂന്ന് സീസണുകൾക്ക് ശേഷം ക്ലബ് വിട്ട് ഹൈദരാബാദ് എഫ്‌സിയിൽ ചേർന്നു.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
ഈ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് ഗോൾകീപ്പർ പവൻ കുമാറിന്റെ സേവനങ്ങൾ മെൻ ഓഫ് സ്റ്റീൽ ഇതിനകം നേടിയിട്ടുണ്ട്. യുവ ഗോൾകീപ്പർ നീരജ് കുമാറും ഇവർക്കൊപ്പമുണ്ടെങ്കിലും അനുഭവമുള്ള രഹനേഷിനെയും ടീമിലെത്തിക്കാനാണ് ഇവരുടെ തീരുമാനം.